Friday, June 10, 2011

ചിത്രരചനയും പരിസരപഠനവും

ഡോ പി രാമകൃഷ്ണന്‍



കാക്കയുടെ കൊക്കിന്റെ നിറമെന്താണ് ടീച്ചര്‍ ? ഒന്നാം ക്ലാസ്സിലെ നീതുവിന്റെ ചോദ്യമാണ്. അധ്യാപിക കുട്ടിയുടെ കയ്യിലുള്ള കടലാസിലേയ്ക്കു നോക്കി. കടലാസില്‍ ഒരു മരം. മരത്തില്‍ ഒരു കാക്ക. കാക്കയുടെ കൊക്കിന് നിറം കൊടുക്കുമ്പോഴാണ് സംശയം വന്നത്.
ഇത്തരത്തിലുള്ള നൂറു നൂറായിരം ചോദ്യങ്ങള്‍ അവസരം ലഭിച്ചാല്‍ കുട്ടികള്‍ നമ്മളോട് ചോദിക്കുമല്ലോ. ചെറിയ കുട്ടികളെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമേ അല്ല.
ചിത്രം വരയ്ക്കുമ്പോഴാണ് നീതുവിന് ഇങ്ങനെയൊരു സംശയം വന്നത്. ധാരാളം മരങ്ങള്‍ അവള്‍ കണ്ടിട്ടുണ്ട്.കാക്കകളെയും. കാക്കയുടെ കൊക്കിന്റെ നിറമെന്താണെന്ന് ശ്രദ്ധിച്ചില്ലെങ്കിലും മരത്തിന്റെയും കാക്കയുടേയുമൊക്കെ നിറം അവള്‍ നിരീക്ഷിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കാന്‍ ആദ്യവും അവസാനവും വേണ്ടത് നിരീക്ഷണമാണല്ലോ.
ഈ നിരീക്ഷണം തന്നെയല്ലേ നമ്മുടെ പരിസരപഠനത്തിലെ നിരീക്ഷണവും ? കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കൊച്ചുകൂട്ടുകാര്‍ ചുറ്റുപാടുകളെ അറിയുന്നതാണ് അവരുടെ പരിസരപഠനത്തിലെ നിരീക്ഷണം. കുട്ടി വരച്ച ഏതു ചിത്രത്തിനും ഇത്തരത്തിലുള്ള നിരീക്ഷണമൊക്കെ ഉണ്ടാകും.പരിസരപഠനമെന്നാല്‍ നിരീക്ഷണം മാത്രമല്ല. പക്ഷെ ചെറിയ കുട്ടികളെ സംബന്ധിച്ച് പരിസരപഠനത്തിലെ ഏറ്റവും പ്രധാന കാര്യമായ നിരീക്ഷണം തന്നെയാണ് ചിത്രം വരയ്ക്കലിനും ഉപയോഗപ്പെടുന്നത്.
നിരീക്ഷണമൊക്കെ ഒന്നു തന്നെ. പക്ഷെ, ചോദ്യക്കടലാസിലെ ഉത്സവത്തിന്റേയും വാഹനത്തിന്റേയും ചിത്രം നിരീക്ഷിച്ച് എഴുതിയാലേ കുട്ടിയുടെ സ്കോര്‍ഷീറ്റില്‍ നിരീക്ഷണക്കോളത്തില്‍ ഗ്രേഡ് വീഴൂ. നിരീക്ഷണം എങ്ങനെയാണ് ചിത്രം നോക്കലും വിവരിക്കലും മാത്രമായത് ? പഞ്ചേന്ത്രിയങ്ങള്‍ നിരീക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് എപ്പോഴാണ് ? സത്യത്തില്‍ യഥാര്ഥ നിരീക്ഷണം ചിത്രത്തിനും കടലാസിനും പുറത്തല്ലേ ? അങ്ങനെ യഥാര്‍ഥ നിരീക്ഷണം ചോദ്യക്കടലാസിന് പുറത്തായി. നിരീക്ഷണത്തില്‍ വിലയിരുത്തേണ്ട കാര്യങ്ങള്‍ ചോദ്യക്കടലാസിനു പുറത്തും നിരീക്ഷണം കടലാസിലുമായ അവസ്ഥ.പരീക്ഷാ വേളയിലെ ക്ലാസ് സൗകര്യാര്‍ഥം വെട്ടിയൊതുക്കി കടലാസിലെ ചിത്രത്തിലാക്കിയതാണ് കുഴപ്പമായത്.
കുട്ടികളുടെ നിരീക്ഷണത്തിന്റെ ഉല്‍പ്പന്നങ്ങളാണ് അവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍.നിരീക്ഷിക്കുന്തോറും വലുപ്പച്ചെറുപ്പവും അടുപ്പവുമകലവുമെല്ലാം ചിത്രത്തില്‍ തെളിഞ്ഞുവരും. നിരീക്ഷിച്ച കാര്യം പടത്തിലുണ്ടാകും.ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും ഭാവനാംശവും മറ്റു സൂക്ഷ്മ തലങ്ങളുമെല്ലാം തല്കാലം മറന്നേയ്ക്കക.ചെറിയ കുട്ടികളല്ലേ ?
നിരീക്ഷണത്തില്‍ നിന്ന് പടം വര ആരംഭിക്കുന്നു. നിരീക്ഷണത്തില്‍ നിന്ന് പരിസരപഠനവും ആരംഭിക്കുന്നു. പരിസര പഠനത്തേയും ചിത്രരചനയേയും ഒന്നിച്ചു കൊണ്ടു പോകുന്നത് ഗുണകരമാകുമോ ? പ്രായോഗികമാകുമോ ? പടം വരയ്ക്കാന്‍ താല്‍പര്യമില്ലാത്ത ഒന്നാം ക്ലാസ്സുകാരുണ്ടോ ? പെന്‍സിലും കടലാസും തമ്മില്‍ കണ്ടാല്‍ ചിത്രങ്ങല്ള്‍ വാര്‍ന്നു വീഴുകയായി.മുന്‍ പിന്‍ നോട്ടമില്ലാത്ത വര തന്നെ. പിന്നെ നാം 'ചിത്രരചന'പഠിപ്പിക്കുവോളം അവര്‍ ചിത്രം വര തുടരും. നാം ചിത്രരചന പഠിപ്പിക്കുമ്പോള്‍ അവര്‍ ചിത്രരചന നിര്‍ത്തും. പിന്നെ ചിത്രം വരയ്ക്കുന്നത് പ്രത്യകം ചില ആളുകള്‍ മാത്രം. പടം വരയ്ക്കാനുള്ള ചെറിയ കുട്ടികളുടെ ഈ താല്പര്യത്തെ പരിസരപഠനപ്രവര്‍ത്തനങ്ങള്‍ക്കും വിലയിരുത്തലിനും ഉപയോഗപ്പെടുത്താന്‍ പറ്റുമോ ? ഉറപ്പിച്ചു പറയാന്‍ ഇനിയും ഒരു പാട് നേരനുഭവങ്ങള്‍ വേണം.
പക്ഷെ, ഒന്നുറപ്പാണ്. ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയ നീതു പിന്നീട് ആദ്യം കാണുന്ന കാക്കയുടെ കൊക്കിന്റെ നിറം നോക്കിയിട്ടുണ്ടാകും. അവള്‍ വരച്ച ചിത്രത്തോടെ അവളുടെ നിരീക്ഷണം അവസാനിച്ചില്ല. ചിത്രരചനാപ്രവര്‍ത്തനങ്ങള്‍ പിന്നീടുള്ള നിരീക്ഷണങ്ങള്‍ക്ക് പ്രേരണയായും മാറുന്നു

No comments:

Post a Comment