Thursday, June 16, 2011

ഒറ്റമൂലി


കെ പി ഗോപിനാഥന്‍


ജൂണ്‍ 19. വീണ്ടും ഒരു വായനാദിനം കൂടി വരവായി. ഗ്രന്ഥശാലകളുടെ തമ്പുരാന്‍ ശ്രീ. പി. എന്‍. പണിക്കര്‍സാറിനു സഹൃദയകേരളം നല്‍കിയ ആദരം. കേവലമൊരു ദിനാചരണത്തില്‍ ഒതുങ്ങുന്നതല്ല വായന. മുറപോലെ നടക്കുന്ന ആചാരത്തിനപ്പുറം പോയാലേ വായന ജീവസ്സുറ്റതാകൂ. അത് ജൈവികമാവണം. രക്ഷിതാവിനോ അധ്യാപകനോ വേണ്ടിയുള്ള വായനയല്ല നടക്കേണ്ടത്. അത് കൃത്രിമവും അരോചകവും നിഷ്ഫലവുമാണ്. വായനയുടെ ലോകത്തേയ്ക്ക് സ്വമനസ്സാലേ എത്തിപ്പെടണം. അതിന്റെ മായികപ്രഭയില്‍ മയങ്ങിപ്പോകണം. നന്നായി കഥ പറയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? മനോഹരമായ കഥ ഭാവാവിഷ്കാരത്തോടെ ആവിഷ്കരിക്കാന്‍ സാധിക്കുമോ? മന:പാഠമാക്കിപ്പറയണം. ചെറിയ കഥകള്‍ പറഞ്ഞാല്‍ മതി. പക്ഷെ അത് രസമുള്ളതാവണം. കുഞ്ഞുകുട്ടികളെ മടിയിലിരുത്തി അമ്മമാര്‍ കഥപറയണം.കുട്ടികളെ അടുത്തിരുത്തി അധ്യാപികമാര്‍ കഥപറയണം. ഇതൊരു ശീലമായാല്‍ കഥയന്വേഷിച്ച് കുട്ടികള്‍ പുറപ്പെടും. അത് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കും;തീര്‍ച്ച.

Friday, June 10, 2011

ചിത്രരചനയും പരിസരപഠനവും

ഡോ പി രാമകൃഷ്ണന്‍കാക്കയുടെ കൊക്കിന്റെ നിറമെന്താണ് ടീച്ചര്‍ ? ഒന്നാം ക്ലാസ്സിലെ നീതുവിന്റെ ചോദ്യമാണ്. അധ്യാപിക കുട്ടിയുടെ കയ്യിലുള്ള കടലാസിലേയ്ക്കു നോക്കി. കടലാസില്‍ ഒരു മരം. മരത്തില്‍ ഒരു കാക്ക. കാക്കയുടെ കൊക്കിന് നിറം കൊടുക്കുമ്പോഴാണ് സംശയം വന്നത്.
ഇത്തരത്തിലുള്ള നൂറു നൂറായിരം ചോദ്യങ്ങള്‍ അവസരം ലഭിച്ചാല്‍ കുട്ടികള്‍ നമ്മളോട് ചോദിക്കുമല്ലോ. ചെറിയ കുട്ടികളെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമേ അല്ല.
ചിത്രം വരയ്ക്കുമ്പോഴാണ് നീതുവിന് ഇങ്ങനെയൊരു സംശയം വന്നത്. ധാരാളം മരങ്ങള്‍ അവള്‍ കണ്ടിട്ടുണ്ട്.കാക്കകളെയും. കാക്കയുടെ കൊക്കിന്റെ നിറമെന്താണെന്ന് ശ്രദ്ധിച്ചില്ലെങ്കിലും മരത്തിന്റെയും കാക്കയുടേയുമൊക്കെ നിറം അവള്‍ നിരീക്ഷിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കാന്‍ ആദ്യവും അവസാനവും വേണ്ടത് നിരീക്ഷണമാണല്ലോ.
ഈ നിരീക്ഷണം തന്നെയല്ലേ നമ്മുടെ പരിസരപഠനത്തിലെ നിരീക്ഷണവും ? കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കൊച്ചുകൂട്ടുകാര്‍ ചുറ്റുപാടുകളെ അറിയുന്നതാണ് അവരുടെ പരിസരപഠനത്തിലെ നിരീക്ഷണം. കുട്ടി വരച്ച ഏതു ചിത്രത്തിനും ഇത്തരത്തിലുള്ള നിരീക്ഷണമൊക്കെ ഉണ്ടാകും.പരിസരപഠനമെന്നാല്‍ നിരീക്ഷണം മാത്രമല്ല. പക്ഷെ ചെറിയ കുട്ടികളെ സംബന്ധിച്ച് പരിസരപഠനത്തിലെ ഏറ്റവും പ്രധാന കാര്യമായ നിരീക്ഷണം തന്നെയാണ് ചിത്രം വരയ്ക്കലിനും ഉപയോഗപ്പെടുന്നത്.
നിരീക്ഷണമൊക്കെ ഒന്നു തന്നെ. പക്ഷെ, ചോദ്യക്കടലാസിലെ ഉത്സവത്തിന്റേയും വാഹനത്തിന്റേയും ചിത്രം നിരീക്ഷിച്ച് എഴുതിയാലേ കുട്ടിയുടെ സ്കോര്‍ഷീറ്റില്‍ നിരീക്ഷണക്കോളത്തില്‍ ഗ്രേഡ് വീഴൂ. നിരീക്ഷണം എങ്ങനെയാണ് ചിത്രം നോക്കലും വിവരിക്കലും മാത്രമായത് ? പഞ്ചേന്ത്രിയങ്ങള്‍ നിരീക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് എപ്പോഴാണ് ? സത്യത്തില്‍ യഥാര്ഥ നിരീക്ഷണം ചിത്രത്തിനും കടലാസിനും പുറത്തല്ലേ ? അങ്ങനെ യഥാര്‍ഥ നിരീക്ഷണം ചോദ്യക്കടലാസിന് പുറത്തായി. നിരീക്ഷണത്തില്‍ വിലയിരുത്തേണ്ട കാര്യങ്ങള്‍ ചോദ്യക്കടലാസിനു പുറത്തും നിരീക്ഷണം കടലാസിലുമായ അവസ്ഥ.പരീക്ഷാ വേളയിലെ ക്ലാസ് സൗകര്യാര്‍ഥം വെട്ടിയൊതുക്കി കടലാസിലെ ചിത്രത്തിലാക്കിയതാണ് കുഴപ്പമായത്.
കുട്ടികളുടെ നിരീക്ഷണത്തിന്റെ ഉല്‍പ്പന്നങ്ങളാണ് അവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍.നിരീക്ഷിക്കുന്തോറും വലുപ്പച്ചെറുപ്പവും അടുപ്പവുമകലവുമെല്ലാം ചിത്രത്തില്‍ തെളിഞ്ഞുവരും. നിരീക്ഷിച്ച കാര്യം പടത്തിലുണ്ടാകും.ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും ഭാവനാംശവും മറ്റു സൂക്ഷ്മ തലങ്ങളുമെല്ലാം തല്കാലം മറന്നേയ്ക്കക.ചെറിയ കുട്ടികളല്ലേ ?
നിരീക്ഷണത്തില്‍ നിന്ന് പടം വര ആരംഭിക്കുന്നു. നിരീക്ഷണത്തില്‍ നിന്ന് പരിസരപഠനവും ആരംഭിക്കുന്നു. പരിസര പഠനത്തേയും ചിത്രരചനയേയും ഒന്നിച്ചു കൊണ്ടു പോകുന്നത് ഗുണകരമാകുമോ ? പ്രായോഗികമാകുമോ ? പടം വരയ്ക്കാന്‍ താല്‍പര്യമില്ലാത്ത ഒന്നാം ക്ലാസ്സുകാരുണ്ടോ ? പെന്‍സിലും കടലാസും തമ്മില്‍ കണ്ടാല്‍ ചിത്രങ്ങല്ള്‍ വാര്‍ന്നു വീഴുകയായി.മുന്‍ പിന്‍ നോട്ടമില്ലാത്ത വര തന്നെ. പിന്നെ നാം 'ചിത്രരചന'പഠിപ്പിക്കുവോളം അവര്‍ ചിത്രം വര തുടരും. നാം ചിത്രരചന പഠിപ്പിക്കുമ്പോള്‍ അവര്‍ ചിത്രരചന നിര്‍ത്തും. പിന്നെ ചിത്രം വരയ്ക്കുന്നത് പ്രത്യകം ചില ആളുകള്‍ മാത്രം. പടം വരയ്ക്കാനുള്ള ചെറിയ കുട്ടികളുടെ ഈ താല്പര്യത്തെ പരിസരപഠനപ്രവര്‍ത്തനങ്ങള്‍ക്കും വിലയിരുത്തലിനും ഉപയോഗപ്പെടുത്താന്‍ പറ്റുമോ ? ഉറപ്പിച്ചു പറയാന്‍ ഇനിയും ഒരു പാട് നേരനുഭവങ്ങള്‍ വേണം.
പക്ഷെ, ഒന്നുറപ്പാണ്. ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയ നീതു പിന്നീട് ആദ്യം കാണുന്ന കാക്കയുടെ കൊക്കിന്റെ നിറം നോക്കിയിട്ടുണ്ടാകും. അവള്‍ വരച്ച ചിത്രത്തോടെ അവളുടെ നിരീക്ഷണം അവസാനിച്ചില്ല. ചിത്രരചനാപ്രവര്‍ത്തനങ്ങള്‍ പിന്നീടുള്ള നിരീക്ഷണങ്ങള്‍ക്ക് പ്രേരണയായും മാറുന്നു

Thursday, June 2, 2011

പഠനവും വിലയിരുത്തലും

മുഹമ്മദ് കബീര്‍ എ


നിരന്തരവിലയിരുത്തല്‍, ടേം വിലയിരുത്തല്‍ എന്നീ വിലയിരുത്തലുകളെ പൊതുവെ അധ്യാപക സമൂഹം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരവിലയിരുത്തല്‍ രേഖപ്പെടുത്തലുകള്‍ സംബന്ധിച്ചാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എല്ലാ അധ്യാപകര്‍ക്കും സ്വീകാര്യമായ, അവരെ വിശ്വാസത്തിലെടുക്കാന്‍ പര്യാപ്തമായ വിലയിരുത്തല്‍ രീതികളൊന്നും വികസിപ്പിക്കുവാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മൂന്നു ടേം പരീക്ഷകളുടെ എണ്ണം രണ്ടായി കുറയ്ക്കുകയും നിരന്തരവിലയിരുത്തല്‍ രീതി ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന കാഴ്ചപ്പാടില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനുള്ള ശ്രമം നടന്നുവെങ്കിലും ഒരു ടേം പരീക്ഷ ഒഴിവായിപ്പോയി എന്നല്ലാതെ നിരന്തരവിലയിരുത്തല്‍ രീതിയില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല.

വിലയിരുത്തല്‍ പ്രക്രിയകള്‍

വിലയിരുത്തല്‍ പ്രക്രിയളായി ഏറ്റവും ഒടുവില്‍ മുന്നോട്ടു വെച്ച മൂന്നു രീതികളുണ്ട്.
1. പഠനത്തിനായുള്ള വിലയിരുത്തല്‍
2. വിലയിരുത്തല്‍ തന്നെ പഠനം
3. പഠനത്തെ വിലയിരുത്തല്‍

2. പഠനത്തിനായുള്ള വിലയിരുത്തല്‍
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍

2. വിലയിരുത്തല്‍ തന്നെ പഠനം
ഇത് സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.

ഈ രണ്ടു വിലയിരുത്തല്‍ രീതികളും എല്ലാകാകലത്തും നടന്നുവരുന്നതാണ്.ഇതൊരു പുതിയ കാര്യമായി ഇപ്പോള്‍ അവതരിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പടവുകള്‍ എന്നപേരില്‍ എസ് സി ഇ ആര്‍ ടി പുറത്തറക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കിനും പരിശീലനത്തിനുമായി കഴിഞ്ഞ വര്‍ഷം കോടികള്‍ ചെലവഴിച്ചു. ഇപ്പോള്‍ അതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല.

3. പഠനത്തെ വിലയിരുത്തല്‍
ഒരു നിശ്ചിത സമയത്തിനുശേഷം എമ്തൊക്കെ പഠിച്ചു എന്നു വിലയിരുത്തി അതുസംബന്ധിച്ച വിനരം നല്‍കുന്നതാണ് പഠനത്തെ വിലയിരുത്തല്‍. നിശ്ചിത ഇടവേളകളില്‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ വര്‍ഷമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

ടേം വിലയിരുത്തല്‍ മുന്നില്‍ നിന്ന് രണ്ടായ സാഹചര്യത്തില്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ് നടത്തുകയും അവയുടെ ഗ്രേഡ് / സ്കോര്‍ രേഖപ്പെടുത്തി ടീച്ചര്‍ സൂക്ഷിക്കുകയും വേണം. നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് ടെസ്റ്റുകളിലെ സ്കോറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും പോര്‍ട്ടുഫോളിയോ വിലയിരുത്തല്‍ നടത്തുകയും ചെയ്താല്‍ മതിയാകും. നിരന്തരവിലയിരുത്തലിന്റെ ഭാഗമായുള്ള സ്വയം വിലയിരുത്തല്‍ പരസ്പരവിലയിരുത്തല്‍ എന്നിവ ഒരു തുടര്‍ പ്രക്രിയ എന്ന നിലയില്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം നടന്നുപോകും അതിന്റെ രേഖപ്പെടുത്തല്‍ ടീച്ചര്‍ക്ക് ആവശ്യമില്ല. ടീച്ചറിന് കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ കുറിപ്പുകള്‍ ടീച്ചിങ്ങ്
മാന്വലില്‍ ഇഷ്ടമുള്ള ഭാഷയില്‍ രേഖപ്പെടുത്താം.

പോര്‍ട്ട്ഫോളിയോ
ഒരു നിശ്ചിത കാലഘട്ടത്തില്‍ കൂട്ടികള്‍ ഏര്‍പ്പെടുന്ന വ്യത്യസ്തമായ പഠനപ്രവര്‍നങ്ങളില്‍നിന്നും രൂപപ്പെട്ട പഠനത്തെളിവുകളുടെ ശേഖരമാണ് പോര്‍ട്ട്ഫോളിയോ. ഇത് ഒരു മാസത്തേയോ ഒരു ടേമിലേയോ ഒരു വര്‍ഷത്തേയോ ഉല്‍പന്നങ്ങളാകാം.കൃത്യതപ്പെടുത്തിയ ടീച്ചിങ്ങ്മാന്വല്‍, ക്ലാസ് ടെസ്റ്റ് / യൂണിറ്റ് ടെസ്റ്റ്, കൃത്യമായ പോര്‍ട്ടഫോളിയോ അസ്സസ്സ്മെന്റ് - ഇവയിലൂടെ കുട്ടിയുടെ പഠനപുരോഗതി വിലയിരുത്താം. ഒപ്പം ടേം പരീക്ഷകളും.